District News
വട്ടിയൂര്ക്കാവ്: ചുവടു ദ്രവിച്ചുനിന്ന കൂറ്റന് തേക്കുമരം ടൂറിസ്റ്റ് ബസിനുമുകളില് വീണ് വിന്ഡ് ഗ്ലാസുകള് തകര്ന്നു. വട്ടിയൂര്ക്കാവ് സ്വദേശി അജു സെല്വാനോസിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസിനു മുകളിലേക്കാണ് തേക്കുമരം മറിഞ്ഞുവീണത്.
മലമുകള് ഭാഗത്തായിരുന്നു സംഭവം. മൂന്നുവര്ഷം മാത്രം പഴക്കമുള്ള ബസ് തേക്കുമരത്തിനടുത്തായി പാര്ക്ക് ചെയ്തിരിക്കുകയായിരുന്നു. തേക്കുമരം വീണതോടെ ഇതിനു സമീപത്തുകൂടി പോയി ഇലക്ട്രിക് ലൈനുകള്കൂടി മുറിഞ്ഞുമാറി ബസിനു മുകളിലേക്കു വീണു. സമീപത്തെങ്ങും ആരും ഇല്ലാതിരുന്നതിനാല് വന് അത്യാഹിതം ഒഴിവായി. വിവരമറിഞ്ഞു കെഎസ്ഇബി കാച്ചാണി സെക്ഷനില്നിന്ന് ഉദ്യോഗസ്ഥരെത്തി വൈദ്യുതബന്ധം വിച്ഛേദിച്ചു. തിരുവനന്തപുരം ഫയര്സ്റ്റേഷനില്നിന്ന് സേനാംഗങ്ങളെത്തിയാണ് മരത്തിനന്റെ ശിഖരങ്ങള് മുറിച്ചുനീക്കിയത്. കേടായ ഇലക്ട്രിക് ലൈന് പിന്നീട് പുനഃസ്ഥാപിച്ചു.
International
ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പോളണ്ടിൽ രജിസ്റ്റർ ചെയ്ത ബസ് മെസോകെറെസ്റ്റെസ് നഗരത്തിന് സമീപം എം3 മോട്ടോർവേയിൽ അപകടത്തിൽപ്പെടുകയായിരുന്നു.
നൈറെജിഹാസ നഗരത്തിലേക്ക് പോകുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കുഴിയിലേക്ക് മറിഞ്ഞതായി ഹംഗറി പൊലീസ് അറിയിച്ചു. അപകടസമയത്ത് ബസിൽ 57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം ബസ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തിൽ മരിച്ചവരും പരിക്കേറ്റവരും കൂടുതലും പോളിഷ് പൗരന്മാരാണെന്നാണ് വിവരം.
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ഗുരുതരമായി തകർന്ന ചുവപ്പ് നിറത്തിലുള്ള ബസ് ഒരു വശത്തേക്ക് മറിഞ്ഞുകിടക്കുന്നതും ബസിന്റെ ജനലുകൾ തകർന്നതും യാത്രക്കാരുടെ സാധനങ്ങളും സ്യൂട്ട്കേസുകളും റോഡരികിൽ ചിതറിക്കിടക്കുന്നതും കാണാം.
അപകടത്തിൽ 12 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്ക്. നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തകിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാലോടെ മൂവാറ്റുപുഴ 130 ജംഗ്ഷനിൽവച്ചാണ് അപകടം.
പച്ചക്കറിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡിലേക്ക് മറിഞ്ഞു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തെടുത്തത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട്
ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിന് വശത്തേക്ക് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Kerala
മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പില് ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാര്ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇവരെ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മര്ക്കസ് നോളജ് സിറ്റിയിലെ വിദ്യാര്ഥികള് സഞ്ചരിച്ച ബസാണ് അപകടത്തില്പ്പെട്ടത്.
തക്കാളി ലോഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബസിൽ ഇടിച്ചത്. പാലക്കാട്ടേക്ക് ഐവിയ്ക്ക് പോവുകയായിരുന്ന വിദ്യാര്കളായിരുന്നു ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്ഭാഗം പൂര്ണമായും തകര്ന്ന നിലയിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്ക്ക് വെള്ളനിറം കർശനമാക്കിയ തീരുമാനം പിൻവലിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഏകീകൃത വെള്ളനിറം പിൻവലിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നിലവിലെ വെള്ളനിറം ആകർഷണീയമല്ലെന്നും വിനോദയാത്ര പോലുള്ള സർവീസുകൾ കുറഞ്ഞെന്നുമുള്ള ബസുടമകളുടെ പരാതിയിലാണ് സർക്കാർ തീരുമാനം. 2022 ഒക്ടോബറിൽ വിനോദയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപെട്ട് അഞ്ച് വിദ്യാർഥികൾ ഉൾപ്പടെ ഒൻപത് പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകളിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളും അനധികൃത ലൈറ്റുകളും നിയന്ത്രിച്ച് ബസുകൾക്കെല്ലാം വെള്ളനിറമാക്കാൻ സർക്കാർ തീരുമാനിച്ചത്.
അന്ന് ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കെ.ബി. ഗണേഷ്കുമാർ വകുപ്പ് മന്ത്രിയായതോടെ ടൂറിസ്റ്റ് ബസുടമകൾ മന്ത്രിയെ കണ്ട് അനുകൂല തീരുമാനം നേടിയെടുക്കുകയായിരുന്നു.
Kerala
കോഴിക്കോട്: വിനോദ സഞ്ചാരികള് സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആക്രമിച്ച നാല് യുവാക്കൾ റിമാൻഡിൽ. കൈതപ്പൊയില് ആനോറമ്മല് നെടുവള്ളി അജ്മല്(26), ഷാജഹാന്(30), ആഷിഖ്(29), കൈതപ്പൊയില് ഉളിയാടന്കുന്ന് ആഷിഖ്(25) എന്നിവരെയാണ് താമരശേരി ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
വയനാട്ടില്നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരി ചുരം മൂന്നാം വളവില് വച്ച് ഇന്നലെ രാത്രി ഗുഡ്സ് വാഹനവുമായി പരസ്പരം ഉരസിയതിനെ തുടര്ന്നുണ്ടായ പ്രശ്നങ്ങള്ക്ക് പിന്നാലെയാണ് സംഭവം. വാഹനങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നതോടെ ഇതില് ബന്ധമില്ലാത്ത കാര് യാത്രക്കാര് ടൂറിസ്റ്റ് ബസ് ഡ്രൈവറുമായി തര്ക്കത്തില് ഏര്പ്പെടുകയും യാത്രക്കാര്ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ മുണ്ടുള്പ്പെടെ അഴിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. മൊബൈല് ഫോണ് തട്ടിയെടുത്തതായും പരാതി ഉയര്ന്നിരുന്നു. തുടർന്ന് അക്രമണം അഴിച്ചുവിട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
Kerala
കോട്ടയം: ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് മുണ്ടക്കയം ടൗണിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് 45 യാത്രക്കാര് ബസിലുണ്ടായിരുന്നു. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.
ബസ് പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്.
Kerala
കോതമംഗലം: കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തിൽ ബസ് പൂര്ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തു നിന്നു വരുകയായിരുന്ന ബസാണ് കത്തിനശിച്ചത്.
ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്ന്ന ഉടനെ ബസിലുണ്ടായിരുന്നവര് പുറത്തിറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തിൽ ആര്ക്കും പരിക്കില്ല. വിവാഹ ചടങ്ങിന് പോയി തിരിച്ചു വരുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ഫയര്ഫോഴ്സെത്തിയാണ് തീയണച്ചത്. ബസിന് തീപിടിച്ചത് റോഡിൽ ഗതാഗത തടസമുണ്ടാക്കി.
Kerala
തിരുവനന്തപുരം: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 17വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച പുലർച്ചെ കല്ലമ്പലം നാവായിക്കുളം യെദുക്കാടുണ്ടായ അപകടത്തിൽപ്പെട്ടവരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൃശൂർ കൊടകര എംബിഎ കോളജിൽ നിന്നും പഠനയാത്രയ്ക്കായി പുറപ്പെട്ട വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. 40 ഓളം വിദ്യാർഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.
ദേശീയപാതയിൽ ബൈപാസിന്റെ പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴി വന്ന ബസിന്റെ ചക്രങ്ങൾ മണ്ണിൽ പുതഞ്ഞതാണ് അപകടകാരണം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
വെഞ്ഞാറമൂട്: വാമനപുരം അമ്പലമുക്കിൽ റിംഗ് റോഡിൽ ടൂറിസ്റ്റ് ബസും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല.
രാവിലെ 11 മണിയോടെ വട്ടയം ഇറക്കത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് പിക് അപ്പ് വാനിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാൻ സമീപത്തെ വീടിന്റെ മതിലും ഇടിച്ചു തകർത്താണ് നിന്നത്.
ജില്ലാ പഞ്ചായത്ത് അംഗമായ പി.വി. രാജേഷിന്റെ വീടിന്റെ മതിലാണ് തകർന്നത്. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
Kerala
കോഴിക്കോട്: വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഞായറാഴ്ച വൈകുന്നേരം 6.30ന് കോഴിക്കോട് പീടികപ്പാറയിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട് ട്രിച്ചിയില് നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. കക്കാടം പൊയിലിൽ നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് പോകുന്ന ഇറക്കത്തിൽ വച്ച് ബസിന്റെ ബ്രേക്കിന് തകരാര് സംഭവിക്കുകയായിരുന്നു.
തുടര്ന്ന് ഡ്രൈവര് റോഡരികിലെ മതിലില് ഇടിച്ചു നിർത്തുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ആർക്കും പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്.
ഇന്ന് രാവിലെയായിരുന്നു അപകടം. കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ് ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പില് നിർത്തിയിരുന്നു.
ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈർ ഡ്രൈവറുടെ ശ്രദ്ധയില് പെട്ടിരുന്നില്ലെന്നും അതാണ് അപകട കാരണമെന്നും പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ : ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. വിരാജ്പേട്ടയിൽനിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. അപകട സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിച്ചതോടെ ഇരുവരും പുറത്തിറങ്ങി.
പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു.
Kerala
കൊച്ചി: രൂപമാറ്റം വരുത്തി സര്വീസ് നടത്തിയ 15 ടൂറിസ്റ്റ് ബസുകള്ക്കെതിരെ മോട്ടോര് വാഹന വകുപ്പ് നടപടിയെടുത്തു. കണ്ണഞ്ചിപ്പിക്കുന്ന ലേസര് ലൈറ്റുകളും ഹൈഫ്രീക്വന്സി ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച് സർവീസ് നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്.
എറണാകുളം ജില്ലയില് നടത്തിയ പ്രത്യേക പരിശോധനയിലാണ് 15 ബസുകൾ കുടുങ്ങിയത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര് ക്യാബിനിലെ വ്ലോഗ് ചിത്രീകരണം, അപകടകരമായ ലേസര് ലൈറ്റുകള് എന്നിവക്കെതിരെ കര്ശന നടപടി സ്വീകരിക്കാന് ഹൈക്കോടതി നിര്ദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ചുമത്തിയെന്ന് മോട്ടോര് വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
Kerala
കുറവിലങ്ങാട്: എംസി റോഡ് കോട്ടയം കുറവിലങ്ങാടിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ ഇരട്ടി സ്വദേശി സിന്ധു (45)ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടോടുകൂടി ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.
ഇരട്ടി സ്വദേശികൾ സഞ്ചരിച്ച ബസ് തിരുവന്തപുരത്തേക്ക് പോയി അവിടെനിന്ന് തിരികെ ഇരട്ടിയിലേക്ക് പോകുന്പോഴായിരുന്ന അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നാണ് കരുതുന്നത്.
49ഓളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സൂചന. 18 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.